മലപ്പുറം: നിപ സ്ഥിരീകരിച്ചതേടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി മലപ്പുറം ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്ബർക്ക പട്ടികയിലുള്ളവരുടെ പഞ്ചായത്തുകളില്‍ ജാഗ്രതാ നിർദേശം നല്‍കി. തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകള്‍ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മാമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കല്‍ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസർ വഴി ലഭ്യമായ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
ഇതുവരെ 151 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയില്‍ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്ബർക്കത്തില്‍ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.