Monday, December 22, 2025
No menu items!
Homeവാർത്തകൾനിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്താന്‍ കേരളം; ചട്ടങ്ങള്‍ ഭേദഗതി ചെയ്യും

നിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്താന്‍ കേരളം; ചട്ടങ്ങള്‍ ഭേദഗതി ചെയ്യും

തിരുവനന്തപുരം: വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് നിലവിലുള്ള 31 ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. തദ്ദേശസ്വയംഭരണം, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴില്‍, കൃഷി, ഉന്നത വിദ്യാഭ്യാസം, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടവയും, പൊതുവായതുമായ നയങ്ങളും ചട്ടങ്ങളുമാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉയര്‍ത്തുന്നതിനായി പുതുക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു.

2019 ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ പ്രവേശന വീതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തും. കാറ്റഗറി രണ്ട് പഞ്ചായത്തുകളിലെ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ അനുവദനീയമായ പരമാവധി വിസ്തൃതിയില്‍ വര്‍ധനവ് വരുത്താനും ധാരണയായി. പാട്ടത്തിനെടുത്ത ഭൂമിയില്‍ കെട്ടിട പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകളുടെ പട്ടിക പരിഷ്‌കരിക്കും. രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാര്‍ കെട്ടിട ഉടമാവകാശത്തിനുള്ള രേഖയായി പരിഗണിക്കാനാണ് ആലോചിക്കുന്നത്.

2019 ലെ കേരള എം എസ് എം ഇ ഫെസിലിറ്റേഷന്‍ ആക്ട് പ്രകാരം നിര്‍മ്മിച്ച നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കും. 1999 ലെ കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡുകളുടെയും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവലപ്മെന്റ് ആക്റ്റിന്റെയും വ്യവസ്ഥകള്‍ പ്രകാരം നല്‍കിയിട്ടുള്ള ലൈസന്‍സുകളും കല്പിത ലൈസന്‍സുകളും അംഗീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടു. ടൂറിസം & ഹോസ്പിറ്റാലിറ്റി മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നിര്‍ബന്ധിത പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തും. ഇതിനായി കെട്ടിടത്തിന്റെ വിസ്തൃതി കണക്കാക്കുന്ന മാനദണ്ഡങ്ങള്‍ പുതുക്കും. സംരംഭം സ്ഥാപിക്കുന്ന സമയത്ത് ബാധകമായ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ പാലിച്ച് വിപുലീകരണത്തിനും അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ലഭിച്ച താല്‍പ്പര്യ പത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരണവും ആലോചനയിലുണ്ട് ഇവയുള്‍പ്പെടെ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട 13 ചട്ട ഭേദഗതികളാണ് പരിഗണിക്കാന്‍ തീരുമാനിച്ചത്.

2008 ലെ കേരള നെല്‍വയല്‍ സംരക്ഷണ ചട്ടങ്ങളിലെ അധിക ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ധനവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും. സുതാര്യവും കാര്യക്ഷമവുമായ ഭൂവിനിയോഗത്തിനായി യുണീക്ക് തണ്ടപ്പര്‍ നമ്പര്‍ സമ്പ്രദായം വേഗത്തിലാക്കും. ഐ. കെ.ജി.എസിലെ നിക്ഷേപ താല്‍പര്യപത്രങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിവര്‍ത്തന അപേക്ഷകളിലെ നടപടികള്‍ വേഗത്തിലാക്കുകയും മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുകയും ചെയ്യും വ്യാവസായികാവശ്യങ്ങള്‍ക്ക് 15 ഏക്കറിന് മുകളിലുള്ള ഭൂമിയുടമസ്ഥത സംബന്ധിച്ച് മന്ത്രിതല സമിതിയുടെ പരിഗണനയുമായി ബന്ധപ്പെട്ട ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിക്കും. ഭൂമി തരം മാറ്റം സംബന്ധിച്ച് കൃഷി ഓഫീസര്‍മാരുടെ അധികാരം വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കും. കൃഷി ഓഫീസര്‍മാര്‍ക്ക് പരിശീലനവും നല്‍കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതികള്‍ക്കുള്ള ഫീസ് പരിഷ്‌കരിക്കുന്നത് പരിഗണിക്കും. ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത കാലയളവ് വര്‍ധിപ്പിക്കും.

നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിന് ഭൂമി പരിവര്‍ത്തന നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍, വിവിധ അനുമതികളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തിലും സുതാര്യമായും നല്‍കുന്നതിനുമുള്ള വനം-വന്യജീവി വകുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശം, സാങ്കേതിക വിദ്യാഭ്യാസം വ്യവസായാധിഷ്ഠിതമാക്കുന്നതിനും നൈപുണ്യ വികസനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശം എന്നിവയും പരിഗണിക്കാന്‍ തീരുമാനമായി.
വ്യാവസായിക ഉപയോഗത്തിനുള്ള ഭൂമിയുടെ ക്ഷാമം പരിഹരിക്കുക, ഭൂമി ലഭ്യതക്കുള്ള നടപടികള്‍ ലഘൂകരിക്കുകയും അനുമതികള്‍ സുഗമമാക്കുകയും ചെയ്യുക, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അനുമതികള്‍ വേഗത്തിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. നിക്ഷേപകര്‍, വ്യവസായ സംഘടനകള്‍, നവകേരള സദസ് , വ്യവസായ ക്ലിയറന്‍സ് ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍, കെ എസ് ഐ ഡി സിയുടെ വിലയിരുത്തലുകള്‍ എന്നിവ പരിഗണിച്ചാണ് വിവിധ വകുപ്പുകള്‍ ചട്ട ഭേദഗതികള്‍ക്കുള്ള ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്.

ഉത്തതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, പി പ്രസാദ്, ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments