തിരുവനന്തപുരം: ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ് മേഖലകളിൽ മികച്ച കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പഠനാവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണിത്. ഉന്നത വിദ്യാഭ്യാസ-ഗവേഷണരംഗത്ത് 40 വർഷത്തെ പാരമ്പര്യമുണ്ട്. ഗുണമേന്മയുള്ള ഫാഷൻ, വിദ്യാഭ്യാസം, അക്കാദമിക മികവ്, ഇന്നൊവേഷൻ, ഗവേഷണം മുഖമുദ്രയാക്കിയ ‘നിഫ്റ്റിന്’ ആഗോളതലത്തിലാണ് അംഗീകാരം. നിഫ്റ്റ് കാമ്പസുകൾ: കേരളത്തിൽ കണ്ണൂർ അടക്കം 20 കാമ്പസുകളാണുള്ളത്. ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, ദാമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോധ്പൂർ, കാൻഗ്ര, കൊൽക്കത്ത, മുംബൈ, നവ റായ്പൂർ, ന്യൂഡൽഹി, പഞ്ചകുല, പട്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗർ, വാരാണസി എന്നിവിടങ്ങളിലാണ് മറ്റ് നിഫ്റ്റ് കാമ്പസുകൾ. ബിരുദ, ബിരുദാനന്തര റഗുലർ കോഴ്സുകളിലായി ആകെ 5076 സീറ്റുകൾ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ദേശീയതലത്തിലാണ് പ്രവേശനം. അതത് സംസ്ഥാനത്തെ സ്ഥിരതാമസമുള്ളവർക്ക് (സ്റ്റേറ്റ് ഡൊമിസൈൽ) നിശ്ചിത സീറ്റുകളിൽ പ്രവേശനം നൽകും. ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും തൊഴിൽസാധ്യതകളും അടക്കം സമഗ്രവിവരങ്ങളടങ്ങിയ 2026ലെ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും www.nift.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോഴ്സുകൾ: ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്), നാലുവർഷം, സ്പെഷലൈസേഷനുകൾ: ഫാഷൻ ഡിസെൻ (എഫ്.സി) അക്സസറി ഡിസൈൻ (എ.ഡി) നിറ്റ് വെയർ ഡിസൈൻ (കെ.ഡി), ലതർ ഡിസൈൻ (എൽ.ഡി), ടെക്സ്റ്റൈൽ ഡിസൈൻ (ടി.ഡി), ഫാഷൻ ഇന്റീരിയേഴ്സ് (എഫ്.ഐ), ഫാഷൻ കമ്യൂണിക്കേഷൻ (എഫ്.സി). ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്), നാലു വർഷം. മാസ്റ്റർ ഓഫ് ഡിസൈൻ സ്പേസ് (എം.ഡെസ്), രണ്ടുവർഷം; മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്) രണ്ടുവർഷം; മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം) 2 വർഷം. പിഎച്ച്.ഡി പ്രോഗ്രാമും ലഭ്യമാണ്. കോഴ്സുകളും പ്രത്യേകതകളും പഠനവിഷയങ്ങളും തൊഴിൽ സാധ്യതകളും പ്രോസ്പെക്ടസിലുണ്ട്.പ്രവേശന യോഗ്യത: ബി.ഡെസ് പ്രോഗ്രാമുകൾക്ക് ഹയർ സെക്കൻഡറി/പ്ലസ്ടു പാസായിരിക്കണം. ഏത് സ്ട്രീമുകാരെയും പരിഗണിക്കും. അല്ലെങ്കിൽ 3/4 വർഷത്തെ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമ. ബി.എഫ്.ടെക് പ്രോഗ്രാമിന് മാത്തമാറ്റിക്സ് അടക്കമുള്ള വിഷയങ്ങളോടെ പ്ലസ്ടു/ഹയർ സെക്കൻഡറി/സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസാകണം. അല്ലെങ്കിൽ 3/4 വർഷത്തെ അംഗീകൃത ഡിപ്ലോമ ഉണ്ടായിരിക്കണം.പ്രായപരിധി: 1.8.2026ൽ 24 വയസ്സിന് താഴെയാവണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 5 വർഷത്തെ ഇളവുണ്ട്. മാസ്റ്റേഴ്സ് (എം.ഡെസ്, എം.എഫ്.എം) പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. അല്ലെങ്കിൽ നിഫ്റ്റ്/എൻ.ഐ.ഡി ത്രിവത്സര അണ്ടർ ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.എം.എഫ്.ടെക് പ്രോഗ്രാമിന് ബി.എഫ്.ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്കാണ് അവസരം.അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. അപേക്ഷാഫീസ്: 2000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 500 രൂപ മതി. എന്നാൽ ബി.ഡെസ്+ ബി.എഫ്.ടെക് പ്രോഗ്രാമുകൾക്ക് അല്ലെങ്കിൽ എം.എഫ്.എം + എം.ഡെസ് പ്രോഗ്രാമുകൾക്ക് 3000 രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 750 രൂപയും മതിയാകും. ഓൺലൈനിൽ ജനുവരി ആറിനകം രജിസ്റ്റർ ചെയ്യാം. https://exams.nta.nic.in/niftee വഴിയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 7-10 വരെ അപേക്ഷിക്കുന്നവർ 5000 രൂപ പിഴ ഫീസായി അധികം നൽകേണ്ടിവരും. പ്രവേശന പരീക്ഷ: ബി.ഡെസ് പ്രോഗ്രാമുകൾക്ക് ജനറൽ എബിലിറ്റി ടെസ്റ്റ് (ഗാട്ട്), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (കാറ്റ്) എന്നിവ അടങ്ങിയ പ്രവേശന പരീക്ഷയിലും തുടർന്നുള്ള സിറ്റിവേഷൻ ടെസ്റ്റിലും യോഗ്യത നേടണം. ഇതിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക. എന്നാൽ, ബി.എഫ്.ടെക് പ്രോഗ്രാമിന് ജനറൽ എബിലിറ്റി ടെസ്റ്റ് (ഗാട്ട്) യോഗ്യത നേടിയാൽ മതി. ഈ രണ്ട് പ്രോഗ്രാമുകൾക്കും (ബി.എഫ്.ടെക് & ബി.ഡെസ്) അപേക്ഷിക്കുന്നവർ ഗാട്ട്, കാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലും യോഗ്യത നേടണം. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രത്യേക കോമൺ മെറിറ്റ് റാങ്ക്ലിസ്റ്റുകൾ തയാറാക്കും. ബി.ഡെസ് അപേക്ഷാർഥികൾ സിറ്റിവേഷൻ ടെസ്റ്റിന് കൂടി വിധേയമാവണം. എം.ഡെസ് പ്രോഗ്രാമിന് ‘ഗാട്ടും കാറ്റും’ അടിസ്ഥാനത്തിലും എം.എഫ്.എം പ്രോഗ്രാമിന് ‘ഗാട്ട്’ അടിസ്ഥാനത്തിലും ഷോർട്ട്ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ്ലിസ്റ്റ് തയാറാക്കുന്നതാണ്. എന്നാൽ, ഈ രണ്ട് പ്രോഗ്രാമുകൾക്കും ഗാട്ടും കാറ്റും പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തി രണ്ട് പ്രത്യേക കോമൺ മെറിറ്റ് ലിസ്റ്റുകൾ തയാറാക്കും. എം.എഫ്.ടെക് പ്രോഗ്രാമിന് ‘ഗാട്ട്’ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ് റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ.ഫെബ്രുവരി എട്ടിന് കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ അടക്കം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ വെച്ചാണ് പ്രവേശന പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത ജനറൽ എബിലിറ്റി ടെസ്റ്റ് രാവിലെ 10-12 മണി വരെയും പേപ്പർ അധിഷ്ഠിത ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് ഉച്ചക്കുശേഷം 3-6 വരെയുമാണ്. എന്നാൽ, ബി.എഫ്.ടെക് & ബി.ഡെസ്, എം.എഫ്.എം, എം.എഫ്.എം & എം.ഡെസ്, എം.എഫ്.ടെക് പ്രോഗ്രാമുകൾക്കുള്ള ‘ഗാട്ട്’ പരീക്ഷ 10 മുതൽ ഒരു മണി വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാഘടനയും സിലബസും ചോദ്യങ്ങളുടെ എണ്ണവും മാർക്കും സമയക്രമവും അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടികൾ പ്രോസ്പെക്ടസിലുണ്ട്. റാങ്ക്ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നവർക്കായുള്ള സീറ്റ് അലോക്കേഷൻ മുതലായ പ്രവേശന നടപടികളും സമയക്രമവും പിന്നീട് അറിയിക്കും.



