Thursday, August 7, 2025
No menu items!
Homeവാർത്തകൾനാവികസേനയുടെ പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന നാവിക സാഗർ പരികർമ രണ്ടിന്‍റെ ലോഗോ പുറത്തിറക്കി

നാവികസേനയുടെ പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന നാവിക സാഗർ പരികർമ രണ്ടിന്‍റെ ലോഗോ പുറത്തിറക്കി

ന്യൂഡൽഹി: സേനയിലെ രണ്ട് വനിത ഉദ്യോഗസ്ഥർ പായ് വഞ്ചിയില്‍ ലോകം ചുറ്റുമെന്ന് നാവികസേന അറിയിച്ചു. പരിശീലന കപ്പലുകളായ ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് സുദർശിനി എന്നിവയുടെയും ഐ.എൻ.എസ്.വി മാദേയി, ഐ.എൻ.എസ്.വി തരിണി എന്നിവയിലെയും സഞ്ചാരം വഴി സമുദ്ര കപ്പല്‍ പര്യവേഷണങ്ങളില്‍ ഇന്ത്യൻ നാവികസേന പ്രധാന സ്ഥാനം നേടിയതായും നാവികസേന ചൂണ്ടിക്കാട്ടി.

മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദില്‍നയും പുതുച്ചേരി സ്വദേശിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയുമാണ് റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴില്‍ കപ്പല്‍ പര്യവേഷണത്തിനുള്ള പരിശീലനം നടത്തുന്നത്. ഐ.എൻ.എസ്.വി തരിണിയിലാണ് ഇവരുടെ പരിശീലനം.

2023 മേയില്‍ ദില്‍നയും രൂപയും ഉള്‍പ്പെടെ ആറു നാവികരുടെ സംഘം ഗോവയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയില്‍ പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പല്‍ പര്യവേഷണത്തിനുള്ള രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഹ്രസ്വവും ദീർഘവുമായ നിരവധി പരിശീലനങ്ങളാണ് വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനായി ഇവർക്ക് നല്‍കുന്നത്.

2012ല്‍ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ ‘സാഗർ പരിക്രമ’യുടെ ഭാഗമായാണ് മലയാളി നാവികനായ റിട്ട. കമാൻഡർ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ് വഞ്ചിയില്‍ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകള്‍ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലില്‍ മുംബൈയില്‍ തിരിച്ചെത്തി. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments