തൃശൂർ: തൃശൂർ നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. വണ്ടി ഓടിച്ചിരുന്നത് ഡ്രൈവർ അല്ല ക്ലീനർ ആണെന്നും ഇവർ ഇരുവരും മദ്യപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. വാഹന റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ‘ആളുകൾ റോഡിന്റെ അരികിൽ കിടക്കുന്നത് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് ഉണ്ടായത്. ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് എന്ത് സഹായം നൽകാം എന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കുകയും രാത്രി പരിശോധന കർശനമാക്കുകയും ചെയ്യും’, കെ ബി ഗണേശ് കുമാർ. വാഹനം അമിത വേഗതയിൽ ആയിരുന്നോ എന്ന് അറിയാൻ കടന്നുവന്ന എല്ലാ വഴികളിലെയും ക്യാമറകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.