ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ അഞ്ചാംപീടികയിൽ നടന്ന ഒരമ്മയുടേയും, കുഞ്ഞിന്റേയും അതിദാരുണമായ മരണം ഒരു നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആ ദു:ഖ ത്തിനിടയിലും ധീരമായ പ്രവർത്തനത്തിലൂടെ രണ്ടുപേർ നമ്മുടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
കിണറ്റിൽ വീണ അമ്മയേയും, കുഞ്ഞിനേയും രക്ഷിക്കാനായി ഫയർഫോഴ്സ് എത്തും മുമ്പെ സംഭവ സ്ഥലത്ത് ഓടിയെത്തി, ഒരു ദുരന്തമുഖത്ത് പകച്ചു പോകാതെ വളരെ ആഴമുള്ള കിണറ്റിൽ ജീവൻ പണയപ്പെടുത്തി അതിസാഹസികമായി ഇറങ്ങി അമ്മയേയും, കുഞ്ഞിനേയും ഫയർഫോഴ്സ് എത്തുംവരെ വെള്ളത്തിൽ നിന്നും പൊക്കിപ്പിടിച്ച് നാടിന് മാതൃകയായി മാറിയ ശ്രീ മമ്പള്ളി സന്തോഷ്, ശ്രീ മലോറത്ത് രഞ്ജിത്ത് എന്നിവരുടെ ധീരതയെ ഒരു നാട് നെഞ്ചേറ്റുന്നു. നിർഭാഗ്യവശാൽ അമ്മയുടേയും, കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തകരായി മാറിയ ഇവർ രണ്ട് പേരെയും കല്പത്തൂർ ബ്രഹ്മാനന്ദവായനശാല ആദരിച്ചു.
ടി.സി കുഞ്ഞമ്മത് മാസ്റ്റർ, സുരേഷ് കല്പത്തൂർ എന്നിവർ പൊന്നാടയണിയിച്ചു. ടി.എച്ച് ജയദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.രാഘവൻ മാസ്റ്റർ, സുനിൽ, അനിൽ കാരയാട്, കെ.എം മോഹനൻ എന്നിവർ സംസാരിച്ചു. എം.സി.രാഘവൻ മാസ്റ്റർ സ്വാഗതവും പ്രകാശൻ മമ്പള്ളി നന്ദിയും പറഞ്ഞു.