പഴയന്നൂർ: മഹിഷാസുര നിഗ്രഹം കഴിഞ്ഞ ഭദ്രകാളിയെ കോപം ശമിപ്പിക്കാൻ ഒൻപത് ഭാവത്തിൽ പൂജ ചെയ്തെന്ന ഐതീഹ്യമാണ് നവരാത്രി മഹോത്സവത്തിൽ വാമൊഴിയായ് രേഖപെടുത്തുന്നത്. നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ് അഗ്രഹാരങ്ങളിലും ക്ഷേത്രങ്ങളിലും ഒരുക്കുന്ന ബൊമ്മകൊലും. മരപ്പാച്ചി ബൊമ്മകളും ദേവീദേവന്മാരും കാർഷികായുധപാവകളും കന്നുകാലിരൂപങ്ങളും സീതാകല്യാണവും അരിയും പരിപ്പും വില്പന നടത്തുന്ന ചെട്ടിയാരും ചെട്ടിച്ചിയും ബൊമ്മകൊലുവിൽ ഒഴിച്ച്കൂടാനാവാത്ത രൂപങ്ങളാണ്.
ബൊമ്മയെന്നാൽ പാവയും കൊലു എന്നാൽ പടികളും എന്ന അർത്ഥമാണ് ബൊമ്മകൊലു സങ്കല്പത്തിലുള്ളത്. തഞ്ചാവൂർ തലയാട്ടിബൊമ്മകളും ബൊമ്മകൊലുവിൽ ഇടം പിടിക്കാറുണ്ട്.
കളിമണ്ണിൽ നിർമ്മിക്കുന്ന രൂപങ്ങളാണ് പ്രധാനമായും ബൊമ്മകൊലുവിൽ ഉപയോഗിക്കുക. ഒറ്റയക്കത്തിൽ അവസാനിക്കുന്ന പടികളും ബൊമ്മകൊലുവിന്റെ പ്രത്യേകതയാണ്. ബൊമ്മകൊലുവിന്റെ പൂജാധികർമ്മങ്ങൾ നിർവഹിക്കുന്നത് സ്ത്രീകൾ ആണെന്നതും ഇതിന്റെ പ്രത്യേകതയാണ്.