Tuesday, August 5, 2025
No menu items!
Homeകലാലോകംനടൻ പി. ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്;ആദ്യ ചിത്രം 'കള്ളം' തിയേറ്ററിലേക്ക്

നടൻ പി. ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്;ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആര്യ ഭുവനേന്ദ്രൻ കഥയും തിരക്കഥയുമെഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കള്ളം’.

അച്ഛന് സിനിമയോടുള്ള അഭിനിവേശത്തിന്റെ ആഴവും പരപ്പും കുട്ടിക്കാലം മുതൽ കണ്ടും അറിഞ്ഞുമായിരുന്നു ദേവിയുടെ വളർച്ച. അച്ഛൻ്റെ വഴിയിൽ സിനിമയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ദേവി പറഞ്ഞു. ‘കള്ള’ത്തിൽ നല്ലയൊരു കഥാപാത്രമാണ് തൻ്റെതെന്ന് ദേവി സൂചിപ്പിച്ചു. 1985- ലാണ് പി. ശ്രീകുമാർ സംവിധാനത്തിലേയ്ക്ക് കടക്കുന്നത്. തോപ്പിൽ ഭാസിയുടെ ‘കയ്യും തലയും പുറത്തിടരുത്’ എന്ന നാടകം സിനിമയാക്കിക്കൊണ്ടായിരുന്നു അദ്ദേഹം സംവിധായകനാകുന്നത്.

പി.ശ്രീകുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘അസ്ഥികൾപൂക്കുന്നു ‘1989- ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1994- ൽ മമ്മൂട്ടിയെ നായകനാക്കി ‘വിഷ്ണു’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 1993- ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ‘കളിപ്പാട്ടം’ ത്തിന്റെ കഥ ശ്രീകുമാറിന്റേതായിരുന്നു. എം മുകുന്ദന്റെ സീത എന്ന നോവൽ അതേ പേരിൽ സിനിമയാക്കി പി. ശ്രീകുമാർ സിനിമ നിര്‍മാതാവായി. മഹാരഥന്മാർക്കൊപ്പമുള്ള അച്ഛന്റെ ജീവിതയാത്രകൾക്ക് സാക്ഷിയായത് കൊണ്ട് തന്നെ ദേവിയുടെ ഉള്ളിലും ചെറുപ്പം മുതൽ തന്നെ എഴുത്തും സംവിധാന മോഹവുമൊക്കെ ഉടലെടുത്തിരുന്നു.

ഹയർ സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപികയാണ് ദേവി. തന്റെ ജോലിയിൽ കർമനിരതയായ ദേവിക്ക് ഇടക്ക് എപ്പോഴോ തന്റെ സിനിമാ മോഹങ്ങളെ മാറ്റി നിർത്തേണ്ടയായി വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് ഒരു തമാശക്ക് റീൽസുകൾ ചെയ്ത് തുടങ്ങിയത് ദേവി പറയുന്നു. പക്ഷേ അവിടെ നിന്നും ലഭിച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് തന്നിലെ അഭിനയ പാടവത്തെ പൊടി തട്ടിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ദേവി പറഞ്ഞു. ദേവിയുടെ റീലുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്ന, സിനിമ പാഷനായി കൊണ്ട് നടന്നിരുന്ന ‘കള്ളം’ സിനിമയുടെ നിർമ്മാതാവ് ആര്യ അവിചാരിതമായാണ് ദേവിയുടെ അയൽവാസിയായി എത്തുന്നത്. അങ്ങനെയാണ് ‘കള്ളം ‘ എന്ന ചിത്രത്തിൽ ദേവി ഒരു ഭാഗമാകുന്നത്.

ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘കള്ളം’ ഈ മാസം അവസാനവാരം തിയേറ്ററുകളിൽ എത്തും. ദേവിക്ക് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനങ്ങളുമായി ഭർത്താവ് കൃഷ്ണകുമാറും, മകൻ ദേവനാരായണനും ഒപ്പമുണ്ട്. നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആണ് ഭർത്താവ് കൃഷ്ണകുമാർ. പുതിയ അവസരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദേവി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments