Wednesday, December 24, 2025
No menu items!
Homeവാർത്തകൾദൈവത്തിന് വിവേചനമില്ല; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ വേലി കെട്ടി നിര്‍ത്താനാകില്ല: മദ്രാസ് ഹൈക്കോടതി

ദൈവത്തിന് വിവേചനമില്ല; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ വേലി കെട്ടി നിര്‍ത്താനാകില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദൈവത്തിനു വിവേചനമില്ലെന്നും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ ഹനിക്കാന്‍ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി. ദൈവം ചില തെരുവുകളില്‍ മാത്രം വസിക്കുന്നില്ല. ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ല. അതിനാല്‍ പാരമ്പര്യത്തിന്റെ പവിത്രതയില്‍ പൊതിഞ്ഞു നിര്‍ത്താനോ, മുന്‍വിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താനോ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
കാഞ്ചീപുരത്തെ ഗ്രാമത്തില്‍ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് ബാലാജിയുടെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദലിത് വിഭാഗത്തില്‍പ്പെട്ട സെല്‍വരാജ്, തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി ജില്ലാ സെക്രട്ടറി ആനന്ദന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ വേലി കെട്ടി നിര്‍ത്താന്‍ സാധിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തൊട്ടുകൂടായ്മ നിര്‍ത്തലാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കൊക്കെയാണ് ദൈവത്തിനു മുന്നില്‍ നില്‍ക്കാനും ആരാധിക്കാനും അര്‍ഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകള്‍ നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ദൈവത്തെ ആരാധിക്കുന്നതില്‍ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കാനും മുത്തുക്കാളിയമ്മന്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാനും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വം വകുപ്പിനോടും കോടതി ഉത്തരവിട്ടു. രഥം ദലിത് കോളനിയിലൂടെ എഴുന്നള്ളിക്കാന്‍ സൗകര്യം ഒരുക്കണം. ക്ഷേത്രത്തില്‍ ദലിതര്‍ ആരാധന നടത്തുന്നത് ഇതര ജാതിക്കാര്‍ തടയുന്നതിനെതിരേ അഭിഭാഷകരായ കുമാരസ്വാമിയും തിരുമൂര്‍ത്തിയും എതിര്‍ത്തു.
എന്നാല്‍ രഥഘോഷയാത്രയുടെ റൂട്ട് മാറ്റാനാവില്ലെന്നും പതിറ്റാണ്ടുകളായുള്ള ആചാരം ലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും, സവര്‍ണ ജാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ദൈവം ചില തെരുവുകളില്‍ മാത്രം വസിക്കുന്നില്ലെന്നും, ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments