തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള യൂണിവേഴ്സിറ്റി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും അധികൃതരുടെ അറിയിപ്പ്. കാലിക്കറ്റ് സർവകലാശാലയിലും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.