ഡെറാഡൂൺ: ദേശീയ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ കൂടി സ്വന്തമാക്കി കേരളം. സൈക്ലിങ്ങിലെ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ എസ്.എസ്. അദ്വൈത് ശങ്കറും പുരുഷൻമാരുടെ 200 മീറ്റർ മെഡ്‌ലെ നീന്തലിൽ സജൻ പ്രകാശുമാണ് വെള്ളി മെഡൽ നേടിയത്. ഇത്തവണത്തെ ദേശീയ ഗെയിംസിൽ സജൻ നേടുന്ന നാലാമത്തെ മെഡലാണിത്. 200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ വെങ്കലവും നേടിയിരുന്നു സജൻ. ഇതോടെ, ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം മുപ്പതായി.
ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് 4×100 മീറ്റർ ഫ്രീസ്റ്റൈൽ മിക്സ്ഡ് റിലേയിൽ സജൻ ഉൾപ്പെട്ട കേരള ടീം ഫൈനലിൽ അയോഗ്യരായി. അതേസമയം, പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിലേക്ക് കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവിസസിനെ 3–0ന് തോൽപിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ദേശീയ ഗെയിംസിന്റെ ആറാം ദിവസവും മെഡൽ പട്ടികയിൽ 11–ാം സ്ഥാനത്താണ് കേരളം. ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമാണ് കേരളം ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്തുള്ള സർവിസസിന് 19 സ്വർണമുണ്ട്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.