ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇതോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മെഡൽ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.
അതേസമയം, നീന്തലിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലിൽ കടന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ ഫൈനലിൽ കടന്നത്. വനിതാ വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഫൈനലുകളും ഇന്നു നടക്കും.
ചൈനയിൽ രൂപംകൊണ്ട ആയോധന കലയാണ് വുഷു. താവോലു, സാൻഷു എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. കൈപ്പയറ്റിനു പുറമേ വാളുകൾ, കുന്തം, വടി എന്നിവ ഉപയോഗിക്കും. രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര ഇനമാണ് സാൻഷു. ബോക്സിങ്, കിക്ക് ബോക്സിങ്, ഗുസ്തി എന്നിവ ചേർന്ന രൂപമാണിത്. നിശ്ചിത സമയത്തിനുള്ളിൽ എതിരാളിയെ ഇടിച്ചിടുകയോ ശരീര ഭാഗങ്ങളിൽ ഇടിച്ച് മികച്ച സ്കോർ നേടുകയോ ചെയ്യുന്നയാളാണ് വിജയിക്കുക.