ചേരാനല്ലൂർ: ദേശീയപാത 66 വികസനം പൂർത്തിയാകുമ്പോൾ വഴിയടയ്ക്കപ്പെടുന്ന ചേരാനല്ലൂരുകാർ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. ദേശീയപാത അതോറിറ്റി അധികൃതരെ പലവട്ടം കാര്യങ്ങൾ ധരിപ്പിച്ചുവെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകാൻ പ്രദേശവാസികൾ തയ്യാറെടുക്കുന്നത്.
ദേശീയപാത കടന്നുപോകുന്ന ചേരാനല്ലൂർ കണ്ടെയ്നർ ജംഗ്ഷൻ മുതൽ കുന്നംകുളം ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ വരുന്ന ഭാഗത്ത് കുടുംബങ്ങളുടെ ഗതാഗത സൗകര്യം ഏറെ ദുഷ്കരമാക്കുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്. പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കിലോമീറ്ററുകളേറെ ചുറ്റി സഞ്ചരിച്ചാൽ മാത്രമേ കുടുംബാരോഗ്യ കേന്ദ്രം, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, മാർക്കറ്റ്, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കൃഷിഭവൻ ഉൾപ്പെടെയുള്ള പൊതു സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രദേശത്തുള്ളവർക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. നിരവധി ഇട റോഡുകളുടെ വഴിയടയുകയും ചെയ്യും. പല ഭാഗത്തും സർവ്വീസ് റോഡുകളിലേക്ക് കയറണമെങ്കിൽ പോലും ഏറെദൂരം സഞ്ചരിച്ചാൽ മാത്രമേ സാധ്യമാവുകയുള്ളൂ. മാത്രമല്ല പല ഭാഗത്തും സർവ്വീസ് റോഡിന് മതിയായ വീതിയില്ലാതെയാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് രൂക്ഷമായ ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്നും പ്രദേശത്ത് ഉള്ളവർക്ക് ആശങ്കയുണ്ട്.
ചേരാനെല്ലൂർ മേഖലയിൽ മൂന്ന് മേൽപ്പാലങ്ങൾ ( ഫ്ലൈ ഓവർ ) കടന്നുപോകുന്നുണ്ട്. പാലത്തിൻറെ ഇരുവശത്തും ഭിത്തി കെട്ടി മണ്ണ് നിറച്ചാണ് പാലത്തിൻറെ റോഡ് നിർമ്മിച്ചിരിക്കുന്നത്. പല ഭാഗത്തും 2020 അടിയോളം ഉയരത്തിലാണ് പോകുന്നത്. ഈ സാഹചര്യത്തിൽ കുന്നുംപുറം ജംഗ്ഷൻ കണ്ടെയ്നർ ജംഗ്ഷനുമിടയിൽ ചുരുങ്ങിയത് രണ്ട് അടിപ്പാതങ്ങളെങ്കിലുംഅനുവദിച്ചു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.