ആറ്റിങ്ങൽ: ദേശീയപാത നിർമാണത്തിൽ അപകട ഭീതി ഉയർത്തി കഴക്കൂട്ടം -കടമ്പാട്ടുകോണം റീച്ചിലെ കൂറ്റൻ മൺതിട്ടകൾ. നിലവിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ് വിവിധ മേഖലകളിൽ റോഡരികിൽ വലിയ ഉയരത്തിലുള്ള മൺ തിട്ടകൾ രൂപപ്പെട്ടത്. കോരാണിക്കും ചെമ്പകമംഗലത്തിനിടയിൽ റോഡിന്റെ ഒരു വശം ഉയർന്ന പ്രദേശമാണ്. ഈ മേഖലയിലാണ് 25 അടി ഉയരമുള്ള മൺതിട്ടയുള്ളത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ മൺ തിട്ടയുടെ അടിഭാഗം ഉള്ളിലേക്ക് കുഴിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്നത്. മുകൾഭാഗം ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിൽക്കുകയാണ്. നിലവിൽ അടിഭാഗത്ത് ഓടയുടേത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഒരു സുരക്ഷിതത്വവും ഇല്ലാതെയാണ് തൊഴിലാളികൾ ഈ മൺ തിട്ടക്ക് അടിവശത്തുനിന്ന് ജോലി ചെയ്യുന്നത്. ഉറപ്പുള്ള മൺ തിട്ടയാണെന്നും അതിനാൽ ഇടിഞ്ഞുവീഴില്ല എന്നുമാണ് തൊഴിലാളികളുടെ ആത്മവിശ്വാസം. സാധാരണഗതിയിൽ നിർമ്മാണ പ്രവർത്തനം നടത്തുമ്പോൾ നിർമ്മാണം നടക്കുന്ന മേഖലക്ക് സമമായി മുകൾഭാഗം വരെ മൺതട്ട് ഇടിച്ചു മാറ്റേണ്ടതുണ്ട്. അതിനുശേഷം സംരക്ഷണഭിത്തിയും ഒരുക്കണം. ഇവിടെ അതും രണ്ടും ചെയ്യാതെ മൺതട്ടയുടെ അടിവശം ഉള്ളിലേക്ക് കുഴിച്ച് നിർമ്മാണ പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം കൂരിയാട് ദേശീയ പാതയിലുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിൽ കോരാണിക്കു സമീപത്തെ ഈ മൺ തിട്ട ആശങ്ക ഉയർത്തുന്നുണ്ട്. ദേശീയപാതയുടെ കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിൽ ആറ്റിങ്ങൽ ബൈപാസ് വരുന്ന മേഖലയിൽ സമാന രീതിയിൽ വിവിധ സ്ഥലങ്ങളിലായി ഉയർന്ന പ്രദേശങ്ങളിൽ റോഡ് ഇടിച്ചു താഴ്ത്തിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. കടയ്ക്കാവൂർ പഞ്ചായത്തിലെ പാലാംകോണം മേഖലയിൽ സമാനരീതിയിൽ 25 അടി താഴ്ചയിൽ വരെ മണ്ണിടിച്ചു മാറ്റിയിട്ടുണ്ട്. ഇവിടെ റോഡിന്റെ ഇരുവശവും ഉയർന്നു നിൽക്കുകയാണ്. നിരവധി വീടുകളാണ് ഈ ഭാഗങ്ങളിൽ മൺ തിട്ടക്കു അരികിലായി സ്ഥിതിചെയ്യുന്നത്.