ചേരാനെല്ലൂർ: ദേശീയ പാത 66 ന്റെ നിർമാണത്തിനായി ചേരാനെല്ലൂർ പ്രദേശവാസികൾ ഭൂമി വിട്ടു കൊടുത്തിട്ടാണ് റോഡ് പണി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പണി തുടങ്ങി കഴിഞ്ഞപ്പോൾ അടിപ്പാതയില്ലാത്ത രീതിയിൽ ആണ് നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നത്. ഈ പ്രദേശത്തെ രണ്ടായി മുറിക്കുകയും ആളുകൾക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്ന ഗതികേടാണ് സംജാതമായിരിക്കുന്നത്. ദേശീയ പാത നിർമ്മാണ അധികാരികൾ തികച്ചും ക്രൂരമായ അവഗണനയാണ് ഈ കാര്യത്തിൽ നടത്തുന്നത്. അടിപ്പാത നിർമ്മാണം നടപ്പിലാക്കാമെന്നു വാക്ക് തന്നിട്ട് ഇപ്പോൾ അതു നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെ ചേരാനെല്ലൂർ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങളെ കൂട്ടിയിണക്കി നടത്തിയ മനുഷ്യ ശൃംഖലയിൽ വിവിധ രാക്ഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പങ്കാളിത്തതോടെ നടന്നു. ഇടതു പക്ഷ ജനാധിപത്യമുന്നണി നേതാക്കൾ മുൻ നിരയിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുയോഗം CPIM എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. CPI ലോക്കൽ സെക്രട്ടറി പി ജെ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, CPIM ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി പി പി ജോർജ് സ്വാഗതം പറഞ്ഞു. CPI ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ജനതാധൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, NCP സംസ്ഥാന സമിതി അംഗം പി ഡി ജോൺസൻ, ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്നാംപിള്ളി, പ്രശസ്ത ഗായകൻ കൊച്ചിൻ മൻസൂർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ കെ ആസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂർ പ്രസിഡന്റ് കെ എസ് അബ്ദുൽ ഷുക്കൂർ, എഡ്രാക്ക് ജില്ലാ പ്രസിഡന്റ് ടി യു കൃഷ്ണകുമാർ, LDF എറണാകുളം മണ്ഡലം കൺവീനർ കുമ്പളം രവി, CPI ജില്ലാ കൗൺസിൽ അംഗം ടി സി സഞ്ജിത്, പഞ്ചായത്തംഗങ്ങളായ ബെന്നി ഫ്രാൻസിസ്, വി ബി അൻസാർ എന്നിവർ സംസാരിച്ചു.