തിരുവനന്തപുരം: പ്രസാർ ഭാരതിയിൽ കോപ്പി എഡിറ്റർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രസാർഭാരതിക്ക് കീഴിൽ വരുന്ന ദൂരദർശനിലും ആകാശവാണിയിലുമാണ് ഒഴിവുകൾ ഉള്ളത്. തിരുവനന്തപുരം ഉൾപ്പടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഒഴിവുകളുണ്ട്.
നിലവിൽ 29 കോപ്പി എഡിറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസാർ ഭാരതി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് പ്രസാർ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ദൂരദർശനിൽ തിരുവനന്തപുരം ഉൾപ്പടെ 13 കേന്ദ്രങ്ങളിലായി 21 ഒഴിവുകളാണുള്ളത്. ആകാശവാണിയിലും തിരുവനന്തപുരം നിലയത്തിൽ ഉൾപ്പടെ എട്ട് കേന്ദ്രങ്ങളിലായി എട്ട് ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ രണ്ട് ഒഴിവും ആകാശവാണിയിൽ ഒരു ഒഴിവുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. നവംബർ 18 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അതിനെ അടിസ്ഥാനമാക്കി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്ന് (03/12/2025) ആണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദവും ഏതെങ്കിലും മുഖ്യാധാര മാധ്യമ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഹിന്ദി/ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമാണ്. ഇതിന് പുറമെ ഏത് സ്ഥലത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം
പ്രായപരിധി :35 വയസ്സ്
ശമ്പളം : 35,000 ( സമാഹൃതം)
നിയമനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും.
യോഗ്യതയും പരിചയവും ഉള്ള, പ്രസാർ ഭാരതിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും പ്രവർത്തിക്കാൻ തയ്യാറുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പ്രസാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ http://avedan.prasarbharati.org എന്ന പ്രസാർ ഭാരതി വെബ്‌ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
ഇതുവഴി അപേക്ഷ സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ, അതുസംബന്ധിച്ച സ്‌ക്രീൻഷോട്ട് സഹിതം hrcell413@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു



