തിരുവനന്തപുരം: ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് വയനാട് എംപി. രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കര്‍ണാടകാ മുഖ്യമന്ത്രിയും 100 വീടുകള്‍ വെച്ചു നല്‍കും. ശോഭാഗ്രൂപ്പ് 50 വീടുകള്‍, കോഴിക്കോട് ബിസിനസ് ഗ്രൂപ്പുകള്‍ 50 വീടുകള്‍, വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ എന്നിവയും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നെന്നും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ചാലിയാറില്‍ തെരച്ചില്‍ തുടരുമെന്നും പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ സംവിധാനം ഉടന്‍ കൊണ്ടുവരുമെന്നും ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ സംവിധാനം കൊണ്ടുവരും.
ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലത്തിന് അനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ടതാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കും. ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ ധനസെക്രട്ടറിക്ക് കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഏര്‍പ്പെടുത്തും. ദുരുപയോഗം തടയാനായി ക്യൂആര്‍കോഡ് സംവിധാനം മരവിപ്പിച്ചു. പകരം നമ്ബര്‍ വരും. ദുരന്തത്തിന് പ്രത്യേക ഹെല്‍പ്പ്‌സെല്‍ ഗീത ഐഎഎസിന് കീഴില്‍ ഹെല്‍പ്പ് ഫോര്‍ വയനാട് എന്ന പേരില്‍ രൂപീകരിച്ചു.