തിരുവനന്തപുരം: 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ സർവിസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയ ഹൈകോടതി സിംഗ്ൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുടമകൾക്ക് അനുകൂലമായ വിധി ഉണ്ടായത്. കെ.എസ്.ആർ.ടി.സി ചെയ്തത് നിയമപരമായി തെറ്റാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. വസ്തുത ഡിവിഷൻ ബെഞ്ചിനെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ടേക്കോവർ സർവിസിനായി പുതുതായി 200 ബസുകൾ വാങ്ങിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിനായി 92 കോടി രൂപ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. ബസ് വാങ്ങാനുള്ള ടെൻഡർ ഉടൻ വിളിക്കും. ധനകാര്യ വകുപ്പില്‍നിന്ന് പണം ലഭിക്കുന്നതിനുസരിച്ച് ബസുകള്‍ വാങ്ങും. ഹിതപരിശോധന ഉൾപ്പെടെ മുന്നില്‍ക്കണ്ടാണ് ഒത്തുകളി ആരോപണം ഉന്നയിക്കുന്നത്. ഇത്തരത്തില്‍ പല ആരോപണങ്ങളും ഉയരുന്നുണ്ട്. ശമ്പളം മുഴുവനായി കൊടുക്കുന്നതിലും ഇതാണ് സംഭവിച്ചത്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവിസ് റദ്ദാക്കി സർക്കാർ ഉത്തരവിട്ടത്. കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകർക്ക് പുറമേ, മുതിർന്ന അഭിഭാഷകർ ഗതാഗതവകുപ്പിനായി ഹരജിയിൽ ഹൈകോടതിയിൽ ഹാജരാകുമെന്നും മന്ത്രി പറഞ്ഞു.