ന്യൂഡൽഹി: ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനുള്ള അവകാശത്തെ കുറിച്ച് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് പങ്കാളി വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്ന് അവകാശപ്പെടാനാവില്ലെന്നാണ് സുപ്രീം കോടതി ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നത്.
ഇത്തരം കേസുകളിൽ ശാരീരിക ബന്ധങ്ങൾ വിവാഹ വാഗ്‌ദാനത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് തീർത്തും പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം തന്നെ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ 16 വർഷമായി പ്രതിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്ന ലക്ച്ചറർ ആയ യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
രണ്ട് വ്യക്തികളും നല്ല വിദ്യാഭ്യാസം നേടിയവരാണെന്നും പരസ്‌പര സമ്മതത്തോടെയുള്ള ബന്ധം നിലനിർത്തുന്നവരാണെന്നും വിവിധ നഗരങ്ങളിൽ നിയമനം ലഭിച്ചപ്പോഴും പരസ്‌പരം വസതികൾ സന്ദർശിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്ക് ഇടയിലെ പ്രണയബന്ധത്തിനോ ലിവ്-ഇൻ റിലേഷനോ ഉലഞ്ഞുപോയതാവാം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇത്രയും നീണ്ട കാലയളവ് തന്നെയാണ് കോടതിയെ ഹർജി തള്ളാൻ പ്രേരിപ്പിച്ച ഘടകം. വിവാഹ വാഗ്‌ദാനത്തിന്റെ മറവിൽ പരാതിക്കാരൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഒരു കോണിലും പ്രതിഷേധം ഉയർത്താതെ 16 വർഷത്തോളം പരാതിക്കാരന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കക്ഷികൾക്കിടയിൽ ലൈംഗികബന്ധം അനിയന്ത്രിതമായി തുടർന്ന 16 വർഷത്തെ നീണ്ട കാലയളവ്, ബന്ധത്തിൽ ഒരിക്കലും ബലപ്രയോഗത്തിന്റെയോ വഞ്ചനയുടെയോ അംശം ഇല്ലെന്ന നിഗമനത്തിലെത്താൻ പര്യാപ്‌തമാണെന്നും കോടതി പറഞ്ഞു. ഈ നിരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാതിക്കാരിയുടെ ഹർജി തള്ളിയത്.