ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാളെ രാജിക്കത്ത് സമര്‍പ്പിക്കും. ഒരാഴ്ച്ചക്കുള്ളില്‍ രാജി അംഗീകരിച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജ്രിവാള്‍ ആവശ്യപ്പെട്ടതു പോലെ ദില്ലിയില്‍ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.
ആരാകും അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി എന്നതില്‍ മന്ത്രിമാരായ അതിഷി, ഗോപാല്‍ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്രിവാള്‍ ജയിലിലായപ്പോള്‍ സർക്കാരിന്റെ പ്രധാനചുമതലകള്‍ വഹിച്ചത് അതിഷിയാണ്.
അതേസമയം മുതിർന്ന നേതാവ് എന്ന നിലയില്‍ ഗോപാല്‍ റായിക്കും പാർട്ടിയില്‍ സ്വീകാര്യതയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനിത കെജ്രിവാളിനെ എത്തിക്കണമെന്ന നിലപാടിലാണ് പല എംഎല്‍എമാരും.