ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചു. പൊടിക്കാറ്റിന് പിന്നാലെ മഴയും പെയ്തതോടെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഇടിമിന്നൽ കാരണം ഡൽഹിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി എയർ ഇന്ത്യ പറഞ്ഞപ്പോൾ, കാലാവസ്ഥ കാരണം അവരുടെ ചില വിമാന സർവീസുകളും തടസ്സപ്പെട്ടേക്കാമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും പറഞ്ഞു.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങളുടെ ശിഖരങ്ങൾ കടപുഴകി വീണു. ഡൽഹി, ദേശീയ തലസ്ഥാന മേഖല (എൻസിആർ), ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മിതമായതോ ശക്തമോ ആയ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ പ്രവചിച്ചു. ഈ കാലയളവിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ഡൽഹി, എൻസിആർ മേഖലയെ മുഴുവൻ ബാധിക്കാൻ സാധ്യതയുണ്ട്, ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉഷ്ണതരംഗ സമാനമായ അവസ്ഥ അനുഭവപ്പെട്ടിരുന്ന ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും മേഘാവൃതവും അനുഭവപ്പെടുന്നത്.



