ചെങ്ങമനാട്: തോട്ടം മേഖലയിലെ വിവിധ വികസന ക്ഷേമ പദ്ധതികൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കുവാൻ ഇന്ത്യൻ ടീ ബോർഡിന്റെ പദ്ധതികൾ തയ്യാറായി. ടീബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് വിഹിതമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ഈ സാമ്പത്തിക വർഷ കാലയളവിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് ഇടുക്കി ജില്ലയിലെ ശോചനീയ അവസ്ഥയിലുള്ള തോട്ടം മേഖലക്ക് വലിയ ആശ്വാസമാകുമെന്ന് കരുതുന്നു.
ഇടുക്കി ജില്ലയിൽ നിന്നുള്ള ടീ ബോർഡ് മെമ്പർ അഡ്വ.ടി. കെ. തുളസീധരൻപിള്ള കഴിഞ്ഞ വർഷം ടീബോർഡിനും, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനും സമർപ്പിച്ച വിശദമായ പദ്ധതി നിർദ്ധേശങ്ങൾ അംഗീകരിച്ച് 666.9 കോടി രൂപയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ സമ്പൂർണ ബഡ്ജറ്റിൽ വകയിരുത്തിയത്. മുൻ വർഷങ്ങളിൽ പരമാവധി 100 കോടി രൂപ ശരാശരി ലഭിച്ചിരുന്നിടത്താണ് ഇത്തവണ ഇത്രയും വലിയ തുക ലഭിച്ചിട്ടുള്ളത്. തോട്ടം മേഘലയിലെ തേയില തൊഴിലാളികൾക്കും, കുടുംബാംഗങ്ങൾക്കും ഉള്ള ക്ഷേമപദ്ധതികൾ, ചെറുകിട തേയില കർഷകർക്കുള്ള വിവിധ സബ്സിഡികൾ സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങൾ ലഭിക്കുന്ന എസ്എംഏഎം പദ്ധതി, തേയില കൃഷിക്കുള്ള ധനസഹായം, തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ചെറുകിട ഇടത്തരം കമ്പനികൾക്കും, ഫാക്ടറികൾക്കും ഉള്ള പ്രത്യേക സഹായ പദ്ധതികൾ, കർഷകർക്കും, തൊഴിലാളികൾക്കുമുള്ള പരിശീലനങ്ങൾ, തേയില ഉൽപന്നങ്ങളുടെ വിപണന പ്രോൽസാഹനം തുടങ്ങി പന്ത്രണ്ടിലധികം ഘടക പദ്ധതികളാണ് 2026 മാർച്ച് മാസം വരെയുള്ള കാലയളവിൽ നടപ്പാക്കുന്നത്.