കുറ്റിച്ചല്‍ : കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉപരോധിച്ചു. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊടുക്കറ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തിങ്കളാഴ്ച രാവിലെ 11- മണിയോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ പതിനാലാം തീയതി അടിച്ച തൊഴിലുറപ്പ് മസ്റ്ററോള്‍ തൊഴിലുറപ്പിന്റെ ചുമതലയുള്ള എ.ഇ പൂഴ്ത്തിവയ്ക്കുകയും മസ്റ്ററോള്‍ തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. തൊഴിലാളികള്‍ പണിക്ക് എത്തുന്നില്ല എന്ന് വരുത്തി തീര്‍ക്കാനാണ് മസ്റ്ററോള്‍ നല്‍കാതെ പൂഴ്ത്തി വച്ചതെന്നാണ് മറ്റുമേറ്റുമാരും തൊഴിലാളികളും ആരോപിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരും അടക്കം 60 ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് ഉപരോധത്തില്‍ പങ്കെടുത്തത്. വിവരമറിഞ്ഞ് നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തി. സമരം രൂക്ഷമായപ്പോള്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കുകയും തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.



