പഴയന്നൂർ: തെരുവ് നായയുടെ കടിയേറ്റ് വെള്ളാറുകുളം പുളിങ്കുട്ടത്ത് എട്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാറക്കുളം ഭാഗത്താണ് സംഭവം. പറമ്പിൽപീടിക ഹംസ (48), ഞാറ്റുപറമ്പിൽ നിവിൻ (32), ഞാറ്റുപറമ്പിൽ വിജിത (28), കമലപ്പാറ പാഞ്ചാലി ( 67), കുന്നത്ത് അപ്പൂഞ്ഞാൻ (76) , കുന്നത്ത് ജയദേവ് (15), കുളപ്പുരയ്ക്കൽ ഹൈദ്രുമാൻ (76) തേക്കിൻ കാട്ടിൽ പാറു (80) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇരുചക്ര വാഹന യാത്രികനായിരുന്ന നസീം എന്ന യുവാവിനെ കടിക്കാൻ ശ്രമത്തിനിടെ ഇരുചക്രവാഹനവും യുവാവും നിലത്തുവീണു. നാട്ടുക്കാർ ചേർന്ന് ബഹളം വച്ച് നായ ഓടിരക്ഷപ്പെട്ടു. എട്ടുപേരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാനായിട്ടില്ല. തിങ്കളാഴ്ച പ്രദേശത്ത് ദേശവിളക്ക് ഉത്സവം നടക്കുന്നുണ്ട്. നായയെ പിടിക്കൂടാനാവാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.



