പൊതുസ്ഥലങ്ങളിലും വഴികളിലും ജനജീവിതത്തെ ഗുരുതരമായി ആക്രമിക്കുന്ന തെരുവുനായകളെ നശിപ്പിക്കാനോ സംരക്ഷിക്കാനോ ഭരണകൂടം തയ്യാറാകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ സാമ്പത്തിക നഷ്ടം നേരിടുന്ന നിരവധി സാധാരണ ജനങ്ങൾ. ആക്രമണങ്ങളാൽ ചികിത്സയിൽ കഴിയുന്നവർക്ക് യാതൊരു സഹായവും ഇല്ല. അക്രമണകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനായി, തെരുവുനായ ആക്രമണത്തിനെതിരെ നജീം കുളങ്ങര നടത്തിവരുന്ന ഒറ്റയാൾ പോരാട്ട സമരത്തിന് എറണാകുളം ജില്ലയിൽ സ്വീകരണം നൽകി. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ തെരുവ് നായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ്മാവേലി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനസേവ പ്രസിഡൻ്റ് അഡ്വ ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം തേവലക്കര സ്വദേശിയായ നജിം തെരുവുനായയുടെ മുഖംമൂടി വച്ച് മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് നവംബർ ഒന്നിന് ആരംഭിച്ചതാണ് ഒറ്റയാൾ പോരാട്ടസമരം. ഏറെ ജനകീയ പിൻതുണ നേടിയാണ് ഈ സമരയാത്ര തിരുവനന്തപുരത്തേയ്ക്ക് നീങ്ങുന്നത്. തെരുവ് നായകളുടെ ആക്രമണം മൂലം സമൂഹത്തിലെ സാധാരണക്കാർക്ക് ഉണ്ടാകുന്ന കഷ്ടപ്പാടുകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യവുമായി മഴയും വെയിലും താണ്ടി ഒറ്റയാൾ പോരാട്ടവുമായി തുനിഞ്ഞിറങ്ങിയ നജീമിനെ ജോസ് മാവേലി അഭിനന്ദിച്ചു. സ്വന്തം ജീവിത പ്രാരാബ്ധങ്ങൾ മറന്ന് ജനങ്ങൾക്ക് വേണ്ടി പോരാടുന്ന നജീമിന് തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പാതയോരത്തോടു കൂടി തെരുവുനായ വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ച മുച്ചക്ര വാഹനവും തള്ളിക്കൊണ്ട്, തെരുവ് നായയുടെ വേഷം ധരിച്ചു കൊണ്ടാണ് നജീമിന്റെ ഒറ്റയാൾ പോരാട്ടം. പാതയോരങ്ങളിൽ കണ്ട് മുട്ടുന്ന നിരവധി പേർ നജീമിന് പിന്തുണയുമായി എത്തുന്നു.



