കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉരുക്കുന്നതിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി. തൃപ്പൂണിത്തുറ രാജ കുടുംബത്തിന്റെ ഹർജി ആണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ്മാരായ എം.എം സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെക്ക് പുതിയ നെറ്റിപ്പട്ടം പണിയുന്നതിന് ക്ഷേത്രത്തിന്‍റെ പഴയ നെറ്റിപ്പട്ടം ഉരുക്കുന്നത് ചോദ്യം ചെയ്താണ് തൃപ്പൂണിത്തുറ രാജ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നായിരുന്നു രാജ കുടുംബത്തിന്‍റെ ആവശ്യം.
എന്നാൽ പഴയ നെറ്റിപ്പട്ടം ഉരുക്കിയാണ് പുതിയ നെറ്റിപ്പട്ടം പണിതത് എന്നും, അതിനാൽ ഈ ഹർജി അപ്രസക്തം ആയെന്നും കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ പി വി ദിനേശ്, നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. തുടർന്നാണ് സുപ്രീംകോടതി ഹർജി തള്ളിയത്. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയതു നിർമിക്കാൻ 2016 ഫെബ്രുവരി 25നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. പഴയ സ്വർണ നെറ്റിപ്പട്ടത്തിലെ കല്ലുകൾ പുതിയതിൽ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. പഴയ നെറ്റിപ്പട്ടത്തിന്റെ ചരിത്രപരമായ മൂല്യം കണക്കാക്കാതെയുള്ള നടപടിയെ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശി എസ്. അനുജനും രാജ കുടുംബവുമാണ് കോടതിയെ സമീപിച്ചത്.



