ചെങ്ങമനാട്: കേരളത്തിലെ സ്ത്രീകളുടെ ശബരിമല എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രമാണ്
വെള്ളാരപ്പള്ളി തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. മൃത്യുഞ്ജയനായ ശിവനും ആദിപരാശക്തിയായ പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവൻ മുഖ്യ പ്രതിഷ്ഠകളിൽ ഒരാൾ ആണെങ്കിലും ഇവിടുത്തെ പാർവതിദേവിക്കാണ് കൂടുതൽ പ്രസിദ്ധി. ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ഇവിടെ ആഘോഷിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 13 വരെയാണ് നവരാത്രി ആഘോഷോൽസവം രാജ്യമെമ്പാടും പല പേരുകളിൽ ഈ ഉൽസവം ആചരിച്ചുവരുന്നുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നവരാത്രിയുടെ ഒമ്പതുദിവസവും വിശേഷമാണ്. നടയടഞ്ഞ് കിടക്കുകയാണെങ്കിലും പാർവ്വതീദേവിയ്ക്ക് അതിപ്രധാനമായി പൂജകൾ നടക്കുന്ന സമയമാണിത്. കൂടാതെ സതി, ഭദ്രകാളി നടകളിലും വിശേഷാൽ പൂജകളുണ്ടാകും. എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പ്രത്യേകം അലങ്കരിച്ച മണ്ഡപത്തിൽ ഗണപതി, സരസ്വതി, ശിവപാർവ്വതിമാർ, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ എന്നിവരുടെ ചിത്രങ്ങൾ മാലയിട്ടുവച്ച് അവയ്ക്കുമുന്നിൽ പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയ വസ്തുക്കൾ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിദിവസം മുഴുവൻ പൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജകൾക്കുശേഷം മേൽപ്പറഞ്ഞ വസ്തുക്കൾ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. ഈ ദിനത്തിലാണ് കുട്ടികൾ വിദ്യാരംഭം കുറിയ്ക്കുന്നത്.