മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല വില്വദ്രിനാഥ ക്ഷേത്രത്തിൽ നിറമാല മഹോത്സവം സെപ്റ്റംബർ 19 ന് നടക്കും. കന്നിമാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന വില്വാദ്രിനാഥ നിറമാലയിൽ നിരവധി വാദ്യ കലാകാരന്മാർ വാദ്യാർച്ചന നടത്തും.
വില്വാദ്രിനാഥനു മുന്നിൽ കൊട്ടിതുടങ്ങിയാൽ ആ ഉത്സവകാലം പിഴക്കില്ല എന്ന വിശ്വാസം കലാകാരന്മാർക്കുണ്ട്. കേരളക്കരയിലെ ഗജവീരന്മാരും നിറമാല ദിനത്തിൽ വില്വാദ്രിനാഥനെ വണങ്ങാനെത്തും. തിരുനാവായിൽ നിന്നും എത്തിക്കുന്ന ആയിരകണക്കിനു താമരപൂക്കൾ കൊണ്ട് ശ്രീരാമ ലക്ഷ്മണന്മാർ വാണരുളുന്ന ഇരു ശ്രീകോവിലുകളും അലങ്കരിക്കും.
സെപ്റ്റംബർ 19 ന് രാവിലെ അഞ്ച് മണിക്ക് അഷ്ടപദി ആറിന് നാഗസ്വരം എട്ടിന് കിഴക്കൂട്ട് അനിയന്മാരാരുടെ പ്രാമാണിത്തത്തിൽ നിരവധി കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളത്ത് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കുനിശ്ശേരി അനിയൻ മാരാരുടെ പ്രാമാണിത്തത്തിൽ പഞ്ചവാദ്യ ത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി നടക്കും.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക് മദ്ധളകേളി, കൊമ്പ് പറ്റ് എന്നിവക്ക് ശേഷം നടക്കുന്ന ശീവേലിഎഴുന്നള്ളിപ്പിൽ കുത്താമ്പുള്ളി മോഹനൻ മേളപ്രമാണിയും പട്ടിപ്പറമ്പ് വിജയൻ പഞ്ചവാദ്യ പ്രമാണിയുമാകും.