തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് വിദ്യാർത്ഥി.
ഉത്രാടനാളിൽ വിദ്യാർത്ഥി കുളത്തിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്. കുട്ടിക്കൊപ്പം കുളിച്ച മറ്റ് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ തുടരുകയാണ്. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചിരുന്നു. കാസർഗോഡ് സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂരിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് വിട്ടുമാറാത്ത പനിയെ തുടർന്നാണ് നാട്ടിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.



