കൊച്ചി: തിരുവനന്തപുരത്ത് നിന്ന് റംസാൻ അവധിയ്ക്ക് നാട്ടിലേക്ക് പോകാൻ പദ്ധതിയുണ്ടോ? ടിക്കറ്റ് കിട്ടാത്തതാണ് പ്രശ്നമെങ്കിൽ മറ്റൊന്നും നോക്കണ്ട സ്പെഷ്യൽ ട്രെയിനിൽ ഏതാനം ടിക്കറ്റുകൾ ബാക്കിയുണ്ട്. മാർച്ച് 31 തിങ്കളാഴ്ചയാണ് ഈദ് ഉൽ ഫിത്തർ അവധി. ഞായറാഴ്ച അവധി ദിവസമായതിനാൽ ശനിയാഴ്ച തന്നെ എല്ലാവരും വീടുകളിലേക്ക് പോകും. വിദ്യാർഥികളാണെങ്കിൽ വെള്ളിയാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് മടങ്ങാം. ഇത്തരക്കാർക്കായി മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുന്നത്. ട്രെയിൻ സർവീസും സ്റ്റോപ്പുകളും വിശദമായി അറിയാം.
റംസാൻ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് ഷാലിമാറിലേക്കാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 28, ഏപ്രിൽ 04 വെള്ളിയാഴ്ചകളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ. മടക്കയാത്ര മാർച്ച് 31, ഏപ്രിൽ 07 തിങ്കളാഴ്ചകളിലും. മാർച്ച് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ പാലക്കാട് വരെ നിലവിൽ സ്ലീപ്പർ കോച്ചുകളിലും എസി ത്രീ ടയർ കോച്ചിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്പെഷ്യൽ ട്രെയിനായതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അതിവേഗ യാത്ര സാധ്യമാകും.
തിരുവനന്തപുരം – എറണാകുളം, തിരുവനന്തപുരം – തൃശൂർ, തിരുവനന്തപുരം – പാലക്കാട് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 04:20 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 08:48നാണ് എറണാകുളം ടൗൺ സ്റ്റേഷനിലെത്തുക. സ്ലീപ്പർ ക്ലാസിന് 415 രൂപയും തേർഡ് എസിയ്ക്ക് 1040 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ച രാത്രിയിലെ ഐആർസിടിസി കണക്കുകൾ പ്രകാരം 26 ടിക്കറ്റുകളാണ് ബാക്കിയുള്ളത്