തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം സൃഷ്ടിച്ച് ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണ്‍. എസ്എഫ്ഐ സ്ഥാനാർഥി ഫരിഷ്ത എൻഎസ് ആണ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്. 158 വർഷത്തിനിടെ ആദ്യമായാണ് കോളേജിന് വനിതാ ചെയർ പേഴ്സണെ ലഭിക്കുന്നത്. അതേസമയം, കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി. 77 ക്യാമ്പസ്സുകളിൽ 64 ഇടത്തും ജയിച്ചതായി എസ്എഫ്ഐ അറിയിച്ചു.
എസ്എഫ്ഐക്ക് വൻ മേധാവിത്വമുളള യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായാണ് വനിത ചെയർപേഴ്സണിനെ തെരെഞ്ഞെടുക്കുന്നത്. കോളേജിൽ കെഎസ് യുവും മത്സര രംഗത്തുണ്ടായിരുന്നു. അതേസമയം, മാർ ഇവാനിയോസ് കോളേജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു.