മനോഹരമായ വെള്ളച്ചാട്ടങ്ങൾ ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ഇടം തന്നെയാണ്. ഉയരത്തിൽ നിന്ന് നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളം. താഴേക്ക് പതിച്ചു ദൂരേക്ക് ഒഴുകി പോകുന്നതിനിടയിൽ എത്രയോ മനുഷ്യർ കൗതുകത്തോടെ വെള്ളച്ചാട്ടം നോക്കിനിൽക്കുന്നു. തിരുവനന്തപുരം ജില്ലയിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അതിലൊന്നാണ് ആനക്കുളം വെള്ളച്ചാട്ടം. അമ്പൂരിയിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ നിങ്ങൾക്ക് ആനക്കുളം വെള്ളച്ചാട്ടത്തിൽ എത്താം. അമ്പൂരി പാലത്തിലൂടെ യാത്ര ചെയ്ത് വേണം ഇവിടെയെത്താൻ. കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈ പാലത്തിലൂടെ കടന്നു പോകില്ല. അതിനാൽ തന്നെ പാലത്തിലൂടെ നടന്ന് റബ്ബർ എസ്റ്റേറ്റിൽ എത്തി അവിടെ നിന്ന് വേണം വെള്ളച്ചാട്ടം കാണാൻ പോകാൻ.
വഴി തിരഞ്ഞുപിടിച്ചും ഗൂഗിൾ മാപ്പിനെ ആശ്രയിച്ചുമൊക്കെ യാത്ര ചെയ്യുന്നവർ ആനക്കുളം വെള്ളച്ചാട്ടം എന്ന് തിരഞ്ഞാൽ ചിലപ്പോൾ ഗൂഗിൾ മാപ്പിൽ കാണില്ല. റബ്ബർ എസ്റ്റേറ്റ് വെള്ളച്ചാട്ടം എന്നായിരിക്കും കാണിക്കുക. രണ്ടും ഒന്നുതന്നെയാണ്. മരങ്ങളും വള്ളിപ്പടർപ്പുകളും റബ്ബറും ഒക്കെ നിറഞ്ഞ ചോലയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ. നല്ല ക്രിസ്റ്റൽ ക്ലിയർ വെള്ളം നിങ്ങളുടെ കൺമുന്നിലൂടെ ഒഴുകി പോകുന്നത് കാണാം. വഴുവഴുപ്പുള്ള പാറക്കെട്ടുകൾ ആയതിനാൽ തന്നെ വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഒരുപാട് ദൂരം പാറക്കൂട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുന്ന സാഹസികരെയും ആനക്കുളം വെള്ളച്ചാട്ടത്തിൽ കാണാനാകും. ജീവൻ അപകടപ്പെടുത്തിയുള്ള ഇത്തരം സാഹസങ്ങൾക്കൊന്നും മുതിരാത്തതാണ് നല്ലത്. വലിയൊരു വെള്ളച്ചാട്ടം ഒന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ ഇവിടെയുള്ള യാത്രയും ഈ കുഞ്ഞൻ വെള്ളച്ചാട്ടവും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.