തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ മരണം ആറായി. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ്.
തിരുപ്പതി ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി.