Tuesday, December 23, 2025
No menu items!
Homeവാർത്തകൾതാമസക്കാര്‍ക്ക് ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുനമ്പം ഭൂസംരക്ഷണ സമിതി സമരം...

താമസക്കാര്‍ക്ക് ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുനമ്പം ഭൂസംരക്ഷണ സമിതി സമരം ഇന്ന് അവസാനിക്കും

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. അതേസമയം, ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം സമരത്തിന് നാളെ തുടക്കമിടും. വഖഫ് രജിസ്റ്ററിയിൽ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി. അതിനെ തുടർന്നാണ് നിലവിൽ ഭൂരിപക്ഷം പേരും പങ്കാളികളായിട്ടുള്ള ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇനി ജുഡീഷ്യൽ കമ്മീഷന്‍റെ പ്രശ്നപരിഹാരവും വഖഫ് ട്രൈബ്യൂണലിലെ തീർപ്പിനുമായാണ് മുനമ്പം നിവാസികൾ കാത്തിരിക്കുന്നത്.

വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ആസ്തിക്കണക്കില്‍ നിന്ന് വിവാദ ഭൂമി പൂര്‍ണമായും ഒഴിവാക്കും വരെ സമരം തുടരണമെന്ന ആവശ്യവും ഒരു വിഭാഗം സമരക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കോര്‍ കമ്മിറ്റി യോഗത്തില്‍ സമരം അവസാനിപ്പിക്കാനാണ് അന്തിമ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസമാണ് കോര്‍ കമ്മിറ്റി യോഗം നടന്നത്. മുനമ്പം ജനതയെ കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവ് അവകാശപ്പെട്ടത്. സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. ഈ വിഷയമടക്കം ഉന്നയിച്ച് സമര സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ബിജെപി അനുകൂലികളില്‍ ചിലര്‍ സമര സമിതിയില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സമര സമിതിയിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെയാണ് മുനമ്പം ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കുന്നത്.

രാജ്യത്ത് തന്നെ ചര്‍ച്ചയായ രാഷ്ട്രീയ സമരമായി മാറിയ മുനമ്പം ഭൂസമരത്തിൽ ഇതുവരെ രാഷ്ട്രീയഭിന്നതകള്‍ കാര്യമായി പ്രകടമായിരുന്നില്ല. എന്നാൽ, സമരം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണിപ്പോള്‍ ഭിന്നത ഉയരുന്നത്. സമരസമിതി നേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് അടുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് സമരസമിതിയിലെ ബിജെപി അനുകൂലികള്‍ അതൃപ്തി വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡിന്‍റെ ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments