കോഴിക്കോട്: താമരശ്ശേരിയിലെ നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല



