Tuesday, October 28, 2025
No menu items!
Homeവാർത്തകൾതലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും;  എറണാകുളം ജില്ലയിൽ ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും;  എറണാകുളം ജില്ലയിൽ ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ

കൊച്ചി: എറണാകുളം ജില്ലയിൽ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ പുറത്ത്. ആന എഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടർ ചെയർമാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ യോഗത്തിലുണ്ടായി.

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനിടെ പാപ്പാന്മാർ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാൻ ജില്ല പൊലീസ് കമ്മീഷണർക്ക് കത്ത് നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം എഴുന്നള്ളിപ്പുകളിൽ ആനകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റർ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.

ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകളുടെ അടുത്ത് നിന്ന് ജനങ്ങൾ നിൽക്കുന്നിടത്തേക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കൾ കൊണ്ട് വേർതിരിക്കണമെന്നും തീരുമാനിച്ചു. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിൻ മല്ലികാർജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയ വിവരം യോഗം അംഗീകരിച്ചു. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ ബോധ്യപ്പെടുത്തി.

ഉത്സവ രജിസ്ട്രേഷൻ ഇല്ലാത്ത എടത്തല ഊരക്കാട് ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം നിരസിച്ചു. ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവിൽ ഫീസ് അടച്ച ക്ഷേത്രങ്ങളിൽ 4 അംഗ വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.

നാട്ടാനകൾ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളിൽ വേണമെന്ന വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും. എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി സ്ഥല പരിശോധന നടത്തുന്നതിനും യോഗം തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments