ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് ആംആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇത്തവണയും തനിച്ച് തന്നെ മത്സരിക്കും. ഡൽഹിയിൽ കൂറ്റൻ വിജയം സ്വന്തമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ആം ആദ്മി തനിച്ച് മത്സരിക്കും. കോൺഗ്രസുമായി സഖ്യത്തിന് യാതൊരു സാധ്യതയുമില്ല’, കെജ്രിവാൾ പോസ്റ്റിൽ പറഞ്ഞി. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസുമായി സഖ്യത്തിലായിരുന്നു ആം ആദ്മി പാർട്ടി മത്സരിച്ചത്. ആകെയുള്ള 7 സീറ്റിൽ 4 ഇടത്ത് ആം ആദ്മിയും 3 സീറ്റിൽ കോൺഗ്രസും മത്സരിച്ചു. എന്നാൽ യാതൊരു മുന്നേറ്റവും പാർട്ടികൾക്ക് ഉണ്ടാക്കാൻ സാധിച്ചില്ല. ഇക്കുറിയും ബി ജെ പി ഡൽഹി തൂത്തുവാരുകയായിരുന്നു. നേരത്തേ 2013 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി സർക്കാരിന് കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഭരണത്തിലേറി 49 ആം ദിവസം സർക്കാർ താഴെ വീണു. പിന്നീട് 2015 ലും 2020 ലും വലിയ ഭൂരിപക്ഷത്തിൽ ആം ആദ്മി തനിച്ച് അധികാരം പിടിക്കുകയായിരുന്നു. 2015 ൽ 67 ഉം 2020 ൽ 62 ഉം സീറ്റുകളായിരുന്നു ആം ആദ്മിക്ക് ലഭിച്ചത്.
അതേസമയം ആം ആദ്മിയുമായി സഖ്യമില്ലെന്ന് കഴിഞ്ഞ മാസം കോൺഗ്രസും വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ചായിരിക്കും മത്സരിക്കുകയെന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് വ്യക്തമാക്കിയത്. ‘അഴിമതിക്കാരനായ കെജ്രിവാളിന്റെ പാർട്ടിയുമായി യാതൊരു സഖ്യവും ഉണ്ടാകില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കിയതിന് ഞങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു’, യാദവ് പറഞ്ഞു. അതിനിടെ കോൺഗ്രസിനേയും ആം ആദ്മിയേയും പരിഹസിച്ച് ബി ജെ പി നേതൃത്വം രംഗത്തെത്തി. ഇരുകൂട്ടരും സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും ഡൽഹിയിൽ നേട്ടമുണ്ടാക്കാൻ പോകുന്നില്ലെന്നും കെജ്രിവാളിനെ ഇനി ജനങ്ങൾ വിശ്വസിക്കില്ലെന്നും ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സഹദേവ പറഞ്ഞു.