ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ തീപിടിച്ചു. തെക്കൻ ഡൽഹിയിലെ സംഗം വിഹാറിലുള്ള കെട്ടിടത്തിലാണ് വൻ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഫൂട്ട്‍വെയർ കടയിൽ നിന്നുമാണ് തീ പടർന്നുപിടിച്ചത്. കെട്ടിടത്തിന് തീപിടിച്ചപ്പോൾ തന്നെ നാട്ടുകാർ പൊലീസിനെയും ഫയർ സർവീസിനെയും വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴേക്കും കെട്ടിടം പൂർണ്ണമായും കത്തിനശിച്ചിരുന്നു. താഴത്തെ നിലയിലെ ഫുട്‍വെയർ കടക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകളിലെ നിലയിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നാലുപേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിയമർന്നതിനാൽ മറ്റ് രണ്ട് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.



