ദില്ലി: ഡിജിസിഎ ഓഡിറ്റിൽ എയർ ഇന്ത്യയിൽ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി റിപ്പോർട്ട്. 51 വീഴ്ചകളിൽ ഏഴെണ്ണം സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ലെവൽ വൺ വീഴ്ചകൾ ആണെന്ന് കണ്ടെത്തി. എയർലൈനുകളുടെ അംഗീകാരം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് നയിച്ചേക്കാവുന്നവയാണ് ലെവൽ വൺ വീഴ്ചകൾ.
എയർലൈൻകളുടെ സുരക്ഷയെ ബാധിക്കുന്ന നിയമങ്ങൾ പാലിക്കാത്ത 44 ലെവൽ ടു വീഴ്ചകളും പരിശോധനയിൽ കണ്ടെത്തി. ബോയിങ് 787, 777 വിമാനങ്ങളുടെ ചില പൈലറ്റുമാർക്ക് മതിയായ പരിശീലനത്തിന്റെ അഭാവം, അംഗീകൃതമല്ലാത്ത സിമുലേറ്ററുകളുടെ ഉപയോഗം, റോസ്റ്ററിങ് സംവിധാനത്തിലെ പിഴവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഡിജിസിഎയുടെ ഓഡിറ്റ് റിപ്പോർട്ടിലെ ലെവൽ വൺ പിഴവുകൾ ഉടൻ പരിഹരിക്കേണ്ടതുണ്ടെന്നും മറ്റ് 44 പിഴവുകൾ ഓഗസ്റ്റ് 23 നകം പരിഹരിക്കണമെന്നും നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഡിജിസിഎ ഈ മാസം തയ്യാറാക്കിയ രഹസ്യ ഓഡിറ്റ് റിപ്പോർട്ടിലാണ് വീഴ്ചകൾ പരാമർശിച്ചിരിക്കുന്നത് എന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ എയർ ഇന്ത്യ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.