ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 21 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിതാണ് ന്യൂ ഡൽഹി മണ്ഡലത്തിൽ ആംആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളിനെ നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ്.
ഷീല ദീക്ഷിത് തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതൽ കെജ്രിവാളാണ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. ഇത്തവണ കെജ്രിവാളിനെതിരെ അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള മുൻ എംപി കൂടിയായ സന്ദീപ് ദീക്ഷിതിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേസമയം ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് ബാദ്ലി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. മുൻ മന്ത്രി ഹാറൂൺ യൂസഫ് ബല്ലിമാരനിൽ നിന്നും മുൻ യൂണിറ്റ് പ്രസിഡൻ്റ് ചൗധരി അനിൽ കുമാർ പട്പർഗഞ്ചിൽ നിന്നും മത്സരിക്കും. ദേശീയ വക്താവ് രാഗിണി നായക് വാസിപൂരിലാണ് മത്സരിക്കുന്നത്.