Wednesday, August 6, 2025
No menu items!
Homeകായികംബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം

ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം

ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമാണ് സൂര്യകുമാർ യാദവും സംഘവും നേടിയത്. കുട്ടി ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണിത്. ഗ്വാളിയോറിൽ ആദ്യം ബൗളർമാരും പിന്നീട് ബാറ്റർമാരും കത്തിക്കയറിയപ്പോൾ എതിരാളികൾ കാഴ്ചക്കാരായി. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ല‍ക്ഷ്യത്തിലെത്തി. 16 പന്തിൽ (39) റൺസുമായി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. ഓപണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും 29 റൺസ് വീതം ചേർത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയുമാണ് ബൗളർമാരിൽ മിന്നിയത്.ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തീരുമാനം തെറ്റിയില്ല, ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ബംഗ്ലാ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 19.5 ഓവറിൽ 127 റൺസിന് ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കി. ജയത്തോടെ ഇന്ത്യ ട്വന്‍റി20 ക്രിക്കറ്റിൽ പാകിസ്താന്‍റെ ലോക റെക്കോഡിനൊപ്പമെത്തി.

അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ എതിരാളികളെ ഏറ്റവും കൂടുതൽ തവണ ഓൾ ഔട്ടാക്കുന്ന റെക്കോഡിൽ ഇന്ത്യയും പങ്കാളിയായി. 42 തവണയാണ് ഇരുടീമുകളും എതിരാളികളെ ഓൾ ഔട്ടാക്കിയത്. 40 തവണ ഓൾ ഔട്ടാക്കിയ ന്യൂസിലൻഡാണ് തൊട്ടുപിന്നിലുള്ളത്. ഉഗാണ്ട (35), വെസ്റ്റിൻഡീസ് (32) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അർഷ്ദീപാണ് മത്സരത്തിലെ താരം. മറുപടി ബാറ്റിങ്ങിൽ സഞ്ജുവും അഭിഷേക് ശർമയും തകർപ്പൻ തുടക്കം നൽകി. സഞ്ജുവാണ് അക്കൗണ്ട് തുറന്നത്. രണ്ട് ഓവറിൽ 25 റൺസ് ചേർത്ത കൂട്ടുകെട്ട് അഭിഷേകിന്റെ റണ്ണൗട്ടിൽ അവസാനിച്ചു. തുടർന്നെത്തിയ സൂര്യയും അടിയുടെ മൂഡിലായിരുന്നു. 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത താരത്തെ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ജേകർ അലി പിടി കൂടുകയായിരുന്നു. 19 പന്തിൽ ആറ് ഫോറടക്കം 29 റൺസിലെത്തിയ സഞ്ജുവിനെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ റിഷാദ് ഹുസൈനും പിടികൂടി. കൂറ്റനടികളിലൂടെ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 അരങ്ങേറ്റത്തിനിറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയും (15 പന്തിൽ 16) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments