ആളുകളെ കുത്തിനിറച്ചെത്തിയ ട്രെക്ക് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ എത്യോപ്യയിൽ 71ലേറെ പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. തെക്കൻ സിഡാമ പ്രാദേശിക ഭരണകൂട വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 71 ഓളം പേർ കൊല്ലപ്പെട്ടതായാണ് തിങ്കളാഴ്ച പ്രാദേശിക ഭരണകൂട വക്താവ് വോസ്നിലേ സൈമൺ വിശദമാക്കിയിട്ടുള്ളത്. 68 പുരുഷൻമാരും 3 സ്ത്രീകളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മുകൾ വശം തുറന്ന നിലയിലുള്ള ട്രെക്ക് നദിയിലേക്ക് തലകീഴായി ആണ് മറിഞ്ഞത്. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബോണയിലെ ജനറൽ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിരവധി വളവുകളും തിരിവുകളും ഉള്ള റോഡിൽ ട്രെക്ക് ഡ്രൈവർ പാലം ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് വാഹനം നദിയിലേക്ക് കൂപ്പുകുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറിയ പങ്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അതിനാൽ തന്നെ ഓരോ കുടുംബത്തിൽ നിന്നുള്ള ആളുകളും ബന്ധുക്കളും അപകടത്തിൽപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് പ്രാദേശിക ഭരണകൂടം തിങ്കളാഴ്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയത്. ട്രെക്കിന്റെ പരമാവധി ശേഷിയിലും അധികം ആളുകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അപകടകരമായ റോഡ് അപകടങ്ങൾക്ക് കുപ്രസിദ്ധമാണ് ഇവിടമെന്നാണ് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്.