ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകള്‍ വ്യാപാര യുദ്ധത്തിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തിയതിന് തിരിച്ചടിച്ച് ബീജിങ് രംഗത്തെത്തി. ചൈന നിരവധി യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുകയും ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്റെ ചൊവ്വാഴ്ചത്തെ പ്രസ്താവന പ്രകാരം, വിശ്വാസ വഞ്ചനാ കുറ്റങ്ങള്‍ക്ക് ചൈന യുഎസ് ടെക് ഭീമനായ ഗൂഗിളിനെതിരെ അന്വേഷണം നടത്തും. യുഎസിൽ നിന്നുള്ള കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതികള്‍ക്ക് ബീജിംഗ് 15 ശതമാനം ലെവി ചുമത്തി. കൂടാതെ എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 10 ശതമാനം ഫീസ് ചുമത്തി. കാല്‍വിന്‍ ക്ലീന്‍ ഉടമയായ പിവിഎച്ച് കോര്‍പ്പറേഷനെയും യുഎസ് ജീന്‍ സീക്വന്‍സിംഗ് കമ്പനിയായ ഇല്ലുമിന ഇന്‍കോര്‍പ്പറേറ്റഡിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി, ടങ്സ്റ്റണ്‍ സംബന്ധിയായ വസ്തുക്കള്‍ക്ക് പുതിയ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. യുഎസിന്റെ ഏകപക്ഷീയ താരിഫ് ചുമത്തല്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നുവെന്ന് ചൈനയുടെ ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



