വാഷിങ്ടൺ: അമേരിക്കയുടെ കുടിയേറ്റ, സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിവാദ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം. ബജറ്റ് ബിൽ ജനപ്രതിനിധി സഭയിൽ പാസായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ വോട്ട് ചെയ്തു. നേരത്തെ യുഎസ് സെനറ്റ് ബിൽ അംഗീകരിച്ചിരുന്നു. ബില്ലിൽ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും.
വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസിൽ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്’ എന്നാണ് ബില്ല് പാസായത് സംബന്ധിച്ച് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചത്. ബിഗ് ബ്യൂട്ടിഫുൾ’ ബില്ല് പാസാകുന്നതോടെ ആരോഗ്യ, ഭക്ഷ്യസുരക്ഷാ ചെലവുകൾ വെട്ടിക്കുറയ്ക്കും. പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവും അവസാനിപ്പിച്ചിട്ടുണ്ട്. അഭയാർഥികളുടെ എണ്ണം കുറയ്ക്കാനും അതിർത്തി സുരക്ഷ ശക്തമാക്കാനും നടപടിയുണ്ടാകും.