ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141ന് ഓള്‍ ഔട്ട്. 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(8) അര്‍ഷ്ദീപ് സിംഗ് സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. റിയാന്‍ റിക്കിള്‍ടണും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റബ്സിനെ(11 പന്തില്‍ 11) വീഴ്ത്തിയ ആവേഷ് ഖാന്‍ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഹെന്‍റിച്ച് ക്ലാസനും റിക്കിള്‍ടണും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു.