തിരുവനന്തപുരം: ജർമനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്‌മയായ ‘നെക്‌സ്‌റ്റ് ജെൻ സ്‌റ്റാർട്ടപ്പ് ഫാക്‌ടറി’ കേരളത്തിൽ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്ത് 300 പുതിയ ‘ഡീപ് ടെക്’ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പദ്ധതി സഹായകമാകും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, നടൻ നിവിൻ പോളി, തൊഴിൽ വകുപ്പ് സ്‌പെഷൽ സെക്രട്ടറി എസ്. ഷാനവാസ്, ഐ.ടി വിഭാഗം സ്‌പെഷൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ഇൻഫോസിസ് മുൻ സി.ഇ.ഒ ഷിബുലാൽ, സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ സയീദ് അൽ ഫലാസി, ജർമൻ പ്രതിനിധികളായ തോമസ് ന്യൂമാൻ, റുബിന സേൺ ബ്രൂവർ, ബെർണാർഡ് ക്രിഗർ തുടങ്ങിയവർ പങ്കെടുത്തു. ആറാഴ്ച മുമ്പ് ജർമനിയിൽ നിന്നെത്തിയ 27 അംഗ നിക്ഷേപക സംഘവുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വൻ നിക്ഷേപം കേരളത്തിലേക്ക് എത്തുന്നത്. നൈപുണ്യ പരിശീലനം എല്ലാവരിലേക്കും എത്തിക്കാനും അതുവഴി നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സർക്കാറിന്റെ ലക്ഷ്യത്തിനുള്ള അംഗീകാരമാണിതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.



