തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താനാകില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചാരവൃത്തിക്കാണ് ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്ലോഗര്‍ എന്ന നിലയിലാണ് വന്നത്. വ്ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല. വരുമ്പോള്‍ അവര്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിര്‍ദോഷമായാണ് വ്ലോഗറെ കേരളത്തില്‍ എത്തിച്ചത്. സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാറിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരള സർക്കാർ അതിഥിയാക്കിയത് ദേശീയതലത്തിൽ വിവാദമാക്കി ബി.ജെ.പിയാണ് രംഗത്തെത്തിയത്. ചാരവനിത ജ്യോതി മൽഹോത്രക്ക് കേരള സർക്കാറിന്റെ ചുവപ്പ് പരവതാനി വിരിച്ചു കൊടുത്ത മുഖ്യമന്ത്രി, മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഭാരതമാതാവിനെ തടയുന്ന കേരളത്തിൽ പാകിസ്താന്റെ ചാരവനിതക്ക് ചുവന്ന പരവതാനി കൊടുക്കുകയാണോ കേരള സർക്കാർ ചെയ്യുന്നതെന്ന് ശഹ്സാദ് പുനാവാല ചോദിച്ചു. പിണറായി വിജയന്റെ മരുമകനായ റിയാസാണ് ജ്യോതി മൽഹോത്രക്ക് താമസം അടക്കമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തത്. അതിനാൽ റിയാസിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി പാക് ചാര വനിതയെ കേരള സർക്കാറിന്റെ അതിഥിയാക്കിയത് അന്വേഷിക്കണമെന്ന് ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടു. ചാരവൃത്തിക്ക് പിടിയിലായ യുട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള സർക്കാർ എപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുകയാണ്. ജ്യോതി മൽഹോത്രയെ എന്തുകൊണ്ടാണ് ക്ഷണിച്ചതെന്നും വേറെ ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കണം. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. അതേസമയം, ബി.ജെ.പി ആരോപണം തള്ളിയ മന്ത്രി റിയാസ്, ചാരപ്രവൃത്തിക്ക് വേണ്ടി വിളിച്ച് സൗകര്യം കൊടുക്കുന്ന മന്ത്രിമാരോ സർക്കാറോ ആണോ കേരളത്തിലേതെന്ന് ചോദിച്ചു. ചാരപ്രവൃത്തി നടത്തുന്നവരുമായി ചേർന്നുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവന്ന് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത് പോയി എന്ന അഭിപ്രായമാണോ? ബി.ജെ.പിയുടെ ഏതോ നേതാവ് ഈ അഭിപ്രായം പറഞ്ഞതായി കേട്ടു. നിങ്ങൾക്കും ആ അഭിപ്രായം ഉണ്ടോ എന്നും മന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ബോധപൂർവം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചരണങ്ങളിൽ ഭയമില്ല. നമ്മൾ നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നത്. അതുപോലെയാണ് ടൂറിസം വകുപ്പും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി. കേരള ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ ലഭിച്ചതോടെയാണ് സംഭവം വാർത്തയായത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ലോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്‍റെ ചെലവില്‍ യാത്ര ചെയ്തത്.