ന്യൂയോർക്ക്: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് രംഗത്ത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടുവെന്നാണ് എക്സിന്‍റെ ആരോപണം. 2025 ജൂലൈ 3 ന് ഇന്റർനെറ്റ് നിയന്ത്രണ നിയമമായ ഐ ടി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം ഇന്ത്യൻ സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് അക്കൗണ്ട് വെളിപ്പെടുത്തി.
ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും വിശദീകരണമില്ലാതെ അക്കൗണ്ടുകൾ തടയണമെന്നും ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും എക്സ് വ്യക്തമാക്കി. എന്നാൽ, ഈ ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു, ജൂലൈ 3 ന് പുതിയ ബ്ലോക്കിംഗ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടില്ലെന്നും ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രം വ്യക്തമാക്കി.
റോയിട്ടേഴ്‌സിന്റെ @Reuters, @ReutersWorld എന്നീ എക്സ് അക്കൗണ്ടുകളാണ് ഇന്ത്യയിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടത്. ‘നിയമപരമായ നടപടി’ എന്ന സന്ദേശത്തോടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്. എന്നാൽ വിമർശനം ശക്തമായതിന് പിന്നാലെ ജൂലൈ 6 ന് രാത്രി 9 മണിക്ക് ശേഷം ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടു.