കോഴിക്കോട്: കോവിഡ് നിറംകെടുത്തിയ അമർജിത്തിന്റെ ജീവിതം ട്രാക്കിൽ മിന്നിത്തെളിയുന്നു. 100 മീറ്റർ സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ആദ്യദിനം സ്വർണം നേടിയ അമർജിത്തിന് 400 മീറ്റർ ഹർഡിൽസിലും 110 മീറ്റർ ഹർഡിൽസിലും സ്വർണം ലഭിച്ചു. ദേവഗിരി സാവിയോ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. ട്രാക്കിൽ തിളങ്ങുന്ന അമർജിത്തിന്റെ ജീവിതം തകിടം മറിച്ചത് പിതാവിന്റെ മരണമായിരുന്നു.പിതാവിന്റെ മരണത്തോടെ കുടുംബം ഏറെ സാമ്പത്തിക പരാധീനതയിലായി. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ ഏക വരുമാനം മാതാവ് ഷൈജക്ക് ജോലിസ്ഥലമായ ലബോറട്ടറിയിലെ ക്ലീനിങ് ജോലിയിൽനിന്നുള്ള തുച്ഛമായ വരുമാനമാണ്. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലെ കായികപരിശീലകനായ കെ. അവിനാശാണ് അമർജിത്തിന്റെ കഴിവുകൾ കണ്ടെത്തി പരിശീലനം നൽകുന്നത്. മറ്റു പരിശീലകരുടെയും സ്കൂളിലെ അധ്യാപകരുടെയും സാമ്പത്തിക പിന്തുണയോടെയാണ് അമർജിത്ത് കായികലോകത്ത് പിടിച്ചുനിൽക്കുന്നത്. ആറ് ദേശീയ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. മകന്റെ വിജയം കാണാൻ നിറകണ്ണുകളും പ്രാർഥനയുമായി മാതാവ് ഷൈജയും ട്രാക്കിനരികിലെത്തിയിരുന്നു.



