കൊച്ചി: രസതന്ത്രത്തിലെ നൊബേൽ സമ്മാനജേതാവ് പ്രൊഫ. അദാ ഇ. യോനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ജീവന്റെ ഉത്പത്തി’ തേടിയുള്ള ഗവേഷണത്തിൽ മലയാളിയും പങ്കാളിയാകും. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് വൈസ് പ്രിൻസിപ്പലും രസത ന്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫ്രാങ്ക്ലിൻ ജോണാണ് ഇസ്രയേലിലെ വൈസ്മാൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് സയൻസിൽ നടക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുന്നത്.
ആദ്യമായി ജീവൻ അങ്കുരിച്ചപ്പോൾ ഒരു കോശമുണ്ടായിട്ടുണ്ടാകും. അതിന് ആവശ്യമായ പ്രോട്ടീൻ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുകയാണ് ഗവേഷണലക്ഷ്യം. ജീവകോശങ്ങളിൽ കാണുന്ന, പ്രോട്ടീൻ ഉത്പാദനത്തിൻ്റെ ഘടകമായി പ്രവർത്തിക്കുന്ന റൈബോ സോമുകളുടെ ഘടനയെക്കുറിച്ചുള്ള പഠനത്തിനാണ് 2009-ൽ ആദാ യോനാഥിന് നൊബേൽ സമ്മാനം ലഭിച്ചത്. നൊബേൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് അദാ.
‘പ്രോട്ടീൻ ഇല്ലാതെ മറ്റൊരു പ്രോട്ടീൻ ഉണ്ടാകില്ലെന്നാണ് നിലവിലെ ശാസ്ത്രധാരണ. ആദ്യമായി ജീവൻ ഉണ്ടായപ്പോൾ ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമായ റൈബോ ന്യൂക്ലിക് ആസിഡ് (ആർ. എൻ.എ.) മോളിക്യൂളിൽ നിന്നാകണം പ്രോട്ടീൻ രൂപപ്പെട്ടിട്ടുണ്ടാവുക. അത് ഗവേഷണത്തിലൂടെ തെളിയിക്കണം’ -ഡോ. ഫ്രാങ്ക്ലിൻ ജോൺ പറഞ്ഞു. ആർ.എൻ.എ.യുടെ ട്രൈ ന്യൂക്ലിയോടൈഡ്സിന്റെ സിന്തറ്റിക് രൂപാന്തരം സംബന്ധിച്ച് വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്തിടെ നടന്ന പഠനത്തിൽ ഡോ. ഫ്രാങ്ക്ലിൻ പങ്കാളിയായിരുന്നു. തുടർന്നാണ് അവിടെ വിസിറ്റിങ് സയന്റിസ്റ്റായത്. ഗവേഷണസംഘത്തിലെ ഏക കെമിസ്റ്റ് ആണ് അദ്ദേഹം.
ജർമനിയിലെ കോൺസ്റ്റൻസ് സർവകലാശാലയിൽനിന്ന് പി.എച്ച്ഡിയും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ്, വെയ്ൻ സ്റ്റേറ്റ് സർവകലാശാലകളിൽനിന്ന് പ്രോട്ടീൻ ബയോ കെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ പഠനവും പൂർത്തിയാക്കിയ ഡോ. ഫ്രാങ്ക്ലിൻ 2020- ൽ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്.



